ടെറസ്സിൽ കൃഷി ചെയ്യുമ്പോൾ കെട്ടിടത്തിന് കേടുപാടുകൾ ഉണ്ടാകാതിരിക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം


ടെറസ്സിൽ  കൃഷിചെയ്‌താൽ  കെട്ടിടത്തിനു  കേടുപാടുകൾ ..

പലപ്പോഴും  കേൾക്കുന്ന  ഒരു  സംശയമാണ് . ഭയവും...

ആദ്യം  ഇതൊന്നു  വായിച്ചു നോക്കാം 

ടെറസില്‍ പച്ചക്കറി :- മുന്നൊരുക്കം

ചെടിക്കു വളരാന്‍ മണ്ണു തന്നെ വേണമെന്നില്ല. ഏതെങ്കിലുമൊരു വളര്‍ച്ചാമാധ്യമം മതി എന്നായിട്ടുണ്ട്. ചകിരിച്ചോറ്, കൊക്കോപീറ്റ് (സംസ്കരിച്ച ചകിരിച്ചോറ്), നിയോ പീറ്റ് (ഇറക്കുമതി ചെയ്യുന്ന ഒരിനം ഉണങ്ങിയ പായല്‍) തുടങ്ങിയ വളര്‍ച്ചാമാധ്യമങ്ങളില്‍ ചെടികള്‍ നന്നായി വളരുന്നുണ്ട്. ഈര്‍പ്പം മാത്രം നല്‍കി പ്രത്യേക പരിസ്ഥിതിയില്‍ ചെടികള്‍ വളര്‍ത്തുന്ന ഹൈഡ്രോപോണിക്സ് എന്ന രീതിക്കും പ്രചാരം കൂടിവരുന്നു. പച്ചക്കറികള്‍ മണ്ണില്‍തന്നെ നട്ടു വളര്‍ത്തുക എന്നത് നാലോ അഞ്ചോ സെന്‍റ് സ്ഥലം മാത്രമുള്ള നഗരപ്രദേശങ്ങളില്‍ ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഈ പ്രശ്നത്തിനു പരിഹാരം ടെറസിനെ കൃഷിയിടമാക്കുന്നതാണ്. 

ടെറസിനു മുകളില്‍ പ്രത്യേക തടങ്ങളില്‍ മണ്ണും മണലും ചാണകപ്പൊടിയും കലര്‍ന്ന മിശ്രിതം നിറച്ച് അതിലോ, ഈ മിശ്രിതം നിറച്ച ചാക്കുകള്‍ ടെറസിന്‍റെ മുകളില്‍ അടുക്കിവച്ച് അതിലോ പച്ചക്കറികള്‍ കൃഷി ചെയ്യുന്ന രീതിയാണ് മട്ടുപ്പാവുകൃഷി അഥവാ ടെറസ് കൃഷി.

ടെറസില്‍ പച്ചക്കറി കൃഷിചെയ്യുമ്പോള്‍ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ടെറസിന്‍റെ ബലവും നടാനുപയോഗിക്കുന്ന മിശ്രിതം തയ്യാറാക്കുന്ന രീതിയുമാണ്. വീടുപണിയുമ്പോള്‍തന്നെ ഇതിനുവേണ്ട തയ്യാറെടുപ്പുകള്‍ നടത്തിയാല്‍ ശക്തമായ പില്ലറുകളും ബീമുകളും വാര്‍ത്ത് കൃഷിക്കായി ടെറസിന്‍റെ ബലം കൂട്ടാന്‍ കഴിയും.  20 കി.ഗ്രാം. നടീല്‍ മിശ്രിതം വീതം നിറച്ച 100 ചാക്കുകള്‍ ടെറസിന്‍റെ മുകളില്‍ വച്ചാല്‍ ടെറസിനു താങ്ങേണ്ടി വരുന്നത് രണ്ടു ടണ്‍ മണ്ണിന്‍റെ ഭാരമാണ്. ഇതിനു തക്ക ബലം മിക്ക പുതിയ വീടിന്‍റെ ടെറസുകള്‍ക്കുമുണ്ട്. ഒരു ചുവട്ടില്‍ മൂന്നു ലിറ്റര്‍ വെള്ളം ഒരു ദിവസം ഒഴിക്കുകകൂടി ചെയ്താല്‍ ടെറസ് ചുമക്കേണ്ട ഭാരം 3 ടണ്ണോളം എത്തും. അതിനാല്‍ ചുവടെ ഭിത്തികളോ ബീമുകളോ വരുന്ന ഭാഗത്തു നിരയായി ചാക്കുകള്‍ അടുക്കുന്നതാണ് നല്ലത്. 

ഇതേ രീതിയില്‍ ഭിത്തികളും ബീമുകളും വരുന്ന ഭാഗത്തിന് മുകളിലായി ടെറസില്‍ രണ്ടു സിമന്‍റ് ഇഷ്ടികയുടെ ഉയരത്തില്‍ തടങ്ങള്‍ നിര്‍മ്മിച്ച് അതില്‍ നടീല്‍മിശ്രിതം നിറച്ചും കൃഷി ചെയ്യാവുന്നതാണ്. ഈ രീതിയിലാണ് കൃഷി ചെയ്യുന്നതെങ്കില്‍ വീടുപണിയുമ്പോള്‍തന്നെ ടെറസിനു വാര്‍ക്കയുടെ കനം കൂടുതല്‍ നല്‍കണം. കാരണം ചാക്കുകളില്‍ നിറയ്ക്കുന്നതിനേക്കാള്‍ നാലിരട്ടി വരെ നടീല്‍മിശ്രിതമാണ് ചെടിനടാന്‍ തയ്യാറാക്കുന്ന തടങ്ങളില്‍ കൊള്ളിക്കുന്നത്. എട്ടോ പത്തോ ടണ്‍ ഭാരം സ്ഥിരമായി ടെറസിനു മുകളില്‍ ഉള്ളതിനാല്‍ ടെറസിനു നല്ല ബലം ആവശ്യമാണ്. 

ഇത്രയും  വായിക്കുമ്പോ  പഴയ വീടുകൾ ആണെങ്കിൽ   ഭയം  തോന്നാം. എന്നാൽ അതിന്റെ യാതൊരു ആവശ്യവുമില്ല എന്നതാണ് സത്യം.

മുകളിലുള്ളത്  വീട്  വെക്കുന്ന  ഒപ്പം  കൃഷിയിടം  കൂടി  ഒരുക്കുന്നവർക്ക്  വേണ്ടിയുള്ള  നിർദ്ദേശങ്ങളായി  എടുത്താൽ മതി.

കൃഷി  എന്നത്  നമ്മുടെ ആഗ്രഹമാണ്. അത് സാധിപ്പിക്കുമ്പോ  വീടിന്റെ  സുരക്ഷ  എന്നത്  മുൻനിർത്തണം. അതാവശ്യമാണ്.

അതിനായി എനിക്ക്  തോന്നിയിട്ടുള്ളത് , എന്റെ  അനുഭവങ്ങളിൽ ഉള്ളത്   ഇവിടെ  കുറിക്കാം..

34 വർഷം  പഴക്കമുണ്ടായിരുന്ന  വീടിന്റെ  ടെറസിലാണ്  ഞാൻ  മൂന്നു വർഷം  മുന്നേ  വരെ  ചെയ്തിരുന്നത്. അവിടെ  പ്രത്യേകിച്ച്  എന്തെങ്കിലും  ദോഷം ഉണ്ടായതായി കണ്ടില്ല.

 അതിനു  വേണ്ടി  ചിലകാര്യങ്ങൾ  ചെയ്തിരുന്നു..

1. ഗ്രോബാഗിലെ  മീഡിയം  കൊക്കോപിറ്റായിരുന്നു.. മണ്ണ് മുഴുവനായും  ഒഴിവാക്കി.

2. ഗ്രോ ബാഗ്  നേരിട്ട്  തറയിൽ  വെച്ചിരുന്നില്ല. ഒരേ അളവിലുള്ള   ചിരട്ടകൾ കമഴ്ത്തി  വെച്ചു, അതിനു  മുകളിൽ ആണ്  വെച്ചിരുന്നത്.(ഈർപ്പവും  വളങ്ങളും ടെറസ്സിന് ദോഷമായേക്കാം )

3. പീച്ചിലിനും   പടവലത്തിനും  പാവലിനുമായി  പന്തൽ ഒരുക്കിയപ്പോ   കാലുകൾ  താഴെ  തറയിൽ നിന്നു  കൊടുത്തു . ആറു   മുള  മണ്ണിൽ  കുഴിച്ചു  നിർത്തി  അതിൽ  പന്തൽ കയറ്റി.. ആ പന്തലിലേക്ക്  വള്ളികൾ  പടർത്തി.. അതിനായി  തിരഞ്ഞെടുത്തത്  ഉയരം കുറഞ്ഞ  വർക്ക്‌  ഏരിയ ടെറസ്..

4. ആവശ്യത്തിന് മാത്രം നനച്ചു.

(നനക്കുന്നത് പലപ്പോഴും  പുട്ടിന്റെ  പൊടി തിരുമ്മുമ്പോൾ  ആകുന്ന  നനവ്  പോലെ  മാത്രം )

5 ചീരക്കും വെള്ളരിക്കും വേണ്ടി 8x4 അടി 6 ഇഞ്ച്  ഉയരത്തിൽ   ബോക്സ്‌ ഉണ്ടാക്കി  ഷീറ്റ് ഇട്ടു  പൊട്ടിങ്  mix നിറച്ചു  bed  set ചെയ്തു..

6. ടെറസിൽ  താഴെ ഉള്ള  ഓരോ ഭിത്തി വരുന്നതിനും  മുകളിൽ മാത്രമായി  ബോക്സുകളും  ഗ്രോ ബാഗുകളും  സജ്ജീകരിച്ചു ...

7.ചെടികൾക്കുള്ള താങ്ങിനു  വേണ്ടി  വേസ്റ്റ് ആയ  എലെക്ട്രിക്കൽ  പിവിസി  പൈപ്പ് കഷ്ണങ്ങൾ  ഉപയോഗിച്ചു  ...

8. വെള്ളം  ടെറസ്സിൽ കെട്ടിക്കിടക്കാത്ത വിധത്തിൽ ഗ്രോബാഗുകൾ എപ്പോഴും ക്രമീകരിച്ചു . പുറത്തേക്കുള്ള  ഓവുകൾ എപ്പോഴും  ചെക്ക് ചെയ്യുക. പ്ലാസ്റ്റിക് ഷീറ്റ് ആകെ വിരിക്കുന്നതും  നല്ലതാണ് എന്ന്  ചിലർ  പറഞ്ഞു  കേട്ടിട്ടുണ്ട്..

പക്ഷെ ഞാൻ  ഇതുവരെ  വിരിച്ചിട്ടില്ല..വളരെ  ശ്രദ്ധയോടെ  ഷീറ്റ്  വിരിച്ചിട്ടില്ലെങ്കിൽ  ഗുണത്തെക്കാൾ ഏറെ ദോഷം  ചെയ്യും  എന്നാണ്  എനിക്ക്  തോന്നിയിട്ടുള്ളത്.ഇത് വരെ  പ്രശ്നങ്ങൾ ഇല്ലാ എന്നാണ്  അവരുടെ  അഭിപ്രായം.

(എന്റെ പക്ഷം  ടെറസ്സിൽ  വെയിൽ  അടിക്കണം. വീഴുന്ന  വെള്ളം  ഉണങ്ങിപോകാൻ അതാണ്‌  നല്ലതെന്നാണ്.. ഈർപ്പം  ഒട്ടും  നിലനിൽക്കില്ല എന്നാണ്  എനിക്ക്  തോന്നിയിട്ടുള്ളത്. ഷീറ്റിനടിയിൽ അഥവാ  വെള്ളം  വീണാൽ   നമ്മുടെ  ശ്രദ്ധയിൽ  പെടാതെ  പോകും.)

9. മഴമറ ഇല്ലെങ്കിൽ, മഴക്കാലത്ത്  ടെറസ്സിലെ  കൃഷി  കഴിവതും  ഒഴിവാക്കുക 

10. ഉയരത്തിൽ  വളരുന്ന  മരങ്ങൾ (പപ്പായ പോലും ) ഡ്രമ്മുകളിൽ  വളർത്തുന്നത്   ശ്രദ്ധിക്കുക. 

11. പല  വീടുകളിലും  ഒരാവശ്യമില്ലെങ്കിലും  എല്ലാ കുപ്പിയും പാട്ടയും മരവും ഒക്കെ ആയി എല്ലാ   വേസ്റ്റ്ഉം  കൊണ്ടുപോയി  വെറുതെ ടെറസ്സിൽ കൊണ്ടോയി  ഡമ്പ്  ചെയ്യുന്ന  ഒരു  ശീലമുണ്ട്  നമുക്ക്. അത് പാടെ  അങ്ങ് ഉപേക്ഷിച്ച്,വേസ്റ്റ് കളെല്ലാം  കോമ്പൗണ്ടിൽ നിന്നു  തന്നെ  ഒഴിവാക്കി, ടെറസ്സിൽ  കൃഷിയും  അതിന്റ അനുബന്ധ ഉപകരണങ്ങളും  വളവും  മാത്രമായി  ക്രമീകരിക്കുക.

ഇതൊക്കെയാണ്  എന്റെ  ഒരു  അനുഭവങ്ങൾ അറിവുകൾ.

ഇങ്ങനൊക്കെ    ചെയ്‌താൽ   ഭയപ്പാടൊന്നും ഇല്ലാതെ  ധൈര്യമായി  നമുക്ക്  ടെറസിൽ  കൃഷി  ചെയ്യാം എന്നാണ്  എന്റെ  അഭിപ്രായം.

കടപ്പാട് : Mehru Anwar

Post a Comment

Previous Post Next Post