അത്ഭുതങ്ങൾ നടക്കുന്ന ആനക്കുളത്തെ കുറച്ച് ആനക്കാര്യം അറിഞ്ഞലോ

.
കാട്ടാനകളും മനുഷ്യരും തമ്മിലുള്ള സംഘർഷത്തിന്റെ വാർത്തകളാണ് ഓരോ ദിവസവും ഉണ്ടാകുന്നത്. കാട്ടാന ആക്രമണത്തിൽ മരണപ്പെട്ടതും പരിക്കു പറ്റിയതും കൃഷി നശിപ്പിച്ചതും ആയ നിരവധി സംഭവങ്ങൾ സംസ്ഥാനത്ത് ഉണ്ടാകുന്നുണ്ട്. എന്നാൽ കാട്ടാനകൾക്ക് പുഴയിൽ എത്തി വെള്ളം കുടിക്കണമെങ്കിൽ ഞങ്ങൾ ഇതാ വരുന്നു എന്ന് ചിഹ്നം വിളിയിലൂടെ മുന്നറിയിപ്പ് നൽകി, ആ സമയം പുഴക്കരയിൽ  ആരെങ്കിലും കളിക്കുകയോ പുഴയിൽ കുളിക്കുകയോ അല്ലെങ്കിൽ വളർത്തു മൃഗങ്ങളെ തീറ്റിക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ അതൊക്കെ മാറ്റാൻ സമയം നൽകി, കാത്തു നിൽക്കുകയും പുഴയിൽനിന്ന് ആളുകളും മറ്റു വളർത്തുമൃഗങ്ങളും മാറി എന്ന് ഉറപ്പുവരുത്തിയശേഷം ആനകൾ ഒന്നൊന്നായി പുഴയിലേക്ക് വരികയും ധാരാളം സമയം അവിടെ ചെലവഴിച്ചു വെള്ളം കുടിച്ചു സമാധാനമായി മടങ്ങിപ്പോവുകയും ചെയ്യുന്ന കാഴ്ച്ച എവിടെ കാണാൻ കഴിയും! ആ സമയത്ത് അല്പം മാറി നിന്ന് വീക്ഷിച്ചു കൊണ്ടിരിക്കുന്ന നാട്ടുകാരോട് യാതൊരു പ്രകോപനവും ഉണ്ടാകാതിരിക്കുകയും നാട്ടുകാർ തിരിച്ച് ആനകളെ യാതൊരുവിധത്തിലും പ്രകോപിപ്പി ക്കാതിരിക്കുകയും ഒക്കെ ലോകത്ത് എവിടെയെങ്കിലും നടക്കുമോ?
 എന്നാൽ കേരളത്തിൽ ഒരിടത്ത് മാത്രം ഇങ്ങനെയൊക്കെ സംഭവിക്കുന്നുണ്ട്. തികച്ചും അത്ഭുതകരവും പഠന വിധേയ മാക്കേണ്ടതുമായ സംഗതിയാണ്.

     ഇടുക്കിയിൽ മൂന്നാറിന് അടുത്ത മാങ്കുളം വില്ലേജിൽ ആനക്കുളം എന്ന സ്ഥലത്താണ് ഈ അത്ഭുതം അരങ്ങേറുന്നത്. ആനകൾ വെള്ളം കുടിക്കാൻ വരുന്ന സ്ഥലം ആനക്കുളം എന്നാണ് പറയുന്നതെങ്കിലും അവിടെ കുളം ഒന്നുമില്ല. പെരിയാറിന്റെ പോഷകനദിയായ കരിന്തരിയാറിലേക്ക് ഈറ്റച്ചോലയാർ ചേരുന്ന ഭാഗമാണ് ആനക്കുളം. ഓര് എന്ന് വിളിക്കുന്ന ഒരു പ്രതിഭാസം അവിടെയുണ്ട്. അതായത് ഉപ്പിന്റെ അംശവും മറ്റ് ലവണങ്ങളും  അടങ്ങിയ ജലമാണ് അവിടെ ഭൂഗർഭത്തിൽ നിന്ന് പുറത്തേക്ക് വരുന്നത്.
 പുഴയുടെ തെക്കുഭാഗം ജനവാസകേന്ദ്രമാണ്. വടക്കുഭാഗത്ത് മലയാറ്റൂർ റിസർവിൻറെ ഭാഗമായ  വനമേഖലയിൽ നിന്നാണ് ആനകൾ പുറത്തെത്തുന്നത്. ആനക്കുളം മേഖല മാങ്കുളം ഫോറസ്റ്റ് ഡിവിഷൻ ഭാഗമാണ്. സാധാരണ ആനകൾ പുഴയിലോ കുളത്തിലോ എത്തിയാൽ പലതവണ വെള്ളം ചീറ്റി ശരീരം  തണുപ്പിച്ചശേഷം ആവശ്യമുള്ള വെള്ളം കുടിക്കും. എന്നാൽ ഇവിടെ സമാധാനമായി വെള്ളം കുടിക്കുന്നതല്ലാതെ താങ്ങളുടെ ശരീരത്തിലേക്ക് വെള്ളം ഒഴിക്കാറില്ല. എന്നാൽ ആനകുട്ടികൾക്ക് ഇളവുണ്ട്. അവ കാര്യങ്ങൾ പഠിച്ചു വരുന്നതല്ലേയുള്ളൂ.

 അവിടെ എത്തുന്ന ആനകൾ യാതൊരു ആക്രമണ സ്വഭാവവും കാണിക്കാറില്ല. ഓര് ഭാഗത്തുനിന്ന് കേവലം 30 മീറ്റർ അകലെ ഒരു തിട്ടക്ക് മുകളിലായി കാഴ്ചക്കാർ നിൽപ്പുണ്ടാവും. ഈ ആനകൾക്കു ഇവിടേക്ക് വരാൻ തടസ്സങ്ങൾ ഒന്നും ഇല്ല.  അവിടെ ഇപ്പോൾ റോപ് ഗാർഡ് ഫെൻസിങ് നടത്തിയിട്ടുണ്ടെങ്കിലും അതിന് അല്പം മാറി ഇവിടേക്ക് കയറാൻ കഴിയും.  എന്നാൽ അവിടെ നിന്ന് വെള്ളം ധാരാളം കുടിച്ചു വയറു ബലൂൺ പോലെ വീർപ്പിച്ചു പുഴയിലൂടെ നടന്നു മടങ്ങിപ്പോകുന്നതല്ലാതെ യാതൊരുവിധ പ്രശ്നങ്ങളും അവ ഉണ്ടാക്കാറില്ല.  രാത്രിയിലാണ് അവ വെള്ളം കുടിക്കാൻ കൂട്ടമായി വരുന്നതെങ്കിൽ ടൂറിസ്റ്റ്കളുടെ സന്തോഷത്തിനായി ജീപ്പുകളും മറ്റും ഹെഡ് ലൈറ്റ് തെളിയിച്ചു കാഴ്ചയ്ക്ക് അവസരം ഉണ്ടാക്കുന്നത് അവയെ അലോസര പ്പെടുത്തുന്നുണ്ട്. ഭാഗ്യമുണ്ടെങ്കിൽ പകൽ സമയത്തു തന്നെ അവയെ കാണാൻ കഴിഞ്ഞേക്കും.
കടപ്പാട് : Sreekumar Gopal 

Post a Comment

Previous Post Next Post