നിങ്ങൾ ആമസോൺ വ്യൂ പോയന്റിൽ പോയിട്ടുണ്ടോ ? ഇല്ലെങ്കിൽ ബ്രസീലിലൊന്നും പോകേണ്ട വരൂ നമ്മുടെ മലപ്പുറത്തിന്റെ വിരിമാറായ ഏറനാട്ടിലെ എന്റെ സ്വന്തം ഗ്രാമമായ എടവണ്ണയിലേക്ക്. ബ്രസീലിലെ ആമസോൺ മഴക്കാടുകളുടെ ആകാശ കാഴ്ചയോട് കിടപിടിക്കുന്ന നയനമനോഹര കാഴ്ചയാണ് ഇവിടെ പ്രകൃതി തൻ പച്ചപ്പിൽ ചാലിയാർ പുഴകൊണ്ട് മനോഹരമായി വരച്ചിട്ടിരിക്കുന്നത്.. ആമസോൺ മഴക്കാടുകൾക്കിടയിലൂടെ ആമസോൺ നദി എങ്ങിനെയാണോ ഒഴുകുന്നത് അതിന് സമാനമാണ് ഈ വ്യൂ പോയന്റിൽ നിന്നും കാണുന്ന ചാലിയാർ പുഴയുടെ മനോഹര കാഴ്ചക്ക്.
ഈ കൊവിഡ് കാലമാണ് ഈ സുന്ദര കാഴ്ചയെ പുറംലോകത്തെത്തിച്ചത്. വീട്ടിനകത്തളത്തിലിരുന്നു മടുത്ത നാട്ടിലെ ചെറുപ്പക്കാർ നേരംപോക്കാൻ മലകയറുന്നതിനിടയിൽ കൂട്ടത്തിലാരോ ഒരാൾ ഇൻസ്റ്റയിൽ ആമസോൺ വ്യൂപോയന്റ് എന്ന പേരിൽ ഈ ഫോട്ടോ പങ്കുവെച്ചതോടെയാണ് ഇവിടം ശ്രദ്ധേയമായി മാറിയത്. ഇപ്പോൾ ദിവസവും നൂറുകണക്കിന് പേരാണ് കുടുംബമായും അല്ലാതെയും ഇവിടം സന്ദർശിക്കാനായി എത്തിക്കൊണ്ടിരിക്കുന്നത്. അവധി ദിവസങ്ങളിൽ പുലർച്ചെ തുടങ്ങുന്ന സഞ്ചാരികളുടെ ഒഴുക്ക് രാത്രിയോളം നീണ്ടുനിൽക്കാറുണ്ട്. സ്ഥലത്തിന് ആമസോൺ വ്യൂ പോയന്റ് എന്ന് പേര് വീണതോടെ ആഹാ.. എന്നാൽ ഒന്ന് കാണണമല്ലോ എന്ന ലെവലിൽ നാട്ടുകാർ പോലും അങ്ങോട്ട് വെച്ചു പിടിക്കുന്ന സീനാണ്.
എന്നാൽ അത് വെറും ഒരു വ്യൂപോയന്റ് മാത്രമാണോ ? ഒരിക്കലുമല്ല. അങ്ങോട്ടുള്ള യാത്ര അതിലും കിടുവാണ്. ഓഫ് റോഡ് ഡ്രൈവിംഗ് ഇഷ്ടമുള്ളവർ ഒരിക്കൽ വന്നാൽ പിന്നെയും അതുവഴി ഉറപ്പായും വന്നിരിക്കും. കുറച്ച് ഓഫ് റോഡ്, ഒരു പത്ത് മിനുട്ട് ട്രക്കിംഗ് തുടങ്ങി പ്രധാന റോഡ് വിട്ടുള്ള രണ്ട് കിലോമീറ്ററും അതിലേറെ സുന്ദരമാണ്. ട്രക്കിംഗ് നടത്തി കയറണമെന്ന് തോന്നുന്നവർക്ക് അങ്ങിനെ കയറാനും കുറച്ച് പ്രായമായവരും കുട്ടികളുമൊക്കെയുള്ളവരാണേൽ ഫോർവീൽ ജീപ്പിൽ വ്യൂപോയന്റിന്റെ തൊട്ടടുത്തുവരെയും, ബൈക്ക് റൈഡർമാർക്ക് അങ്ങ് മുകളിൽ വരെ പോകാനും സാധിക്കും.
രാവിലേയും വൈകുന്നേരവും അവിടെ ചെന്നിരുന്നാൽ ആകാശം നമ്മുടെ താഴെയാണോ എന്ന് ന്യായമായും സംശയിച്ച് പോകുന്ന വൈബാണ്. പക്ഷേ കോടമഞ്ഞ് നീങ്ങിയാൽ മാത്രമേ ആമസോൺ കാഴ്ച മതിമറന്ന് കാണാനാകൂ എന്നത് വേറെ കാര്യം. ഏകദേശം ഇരുന്നൂറ് മീറ്ററോളം ദൂരത്തിൽ ഈ വ്യൂപോയന്റ് നീണ്ടുകിടക്കുന്നത് കൊണ്ട് ശല്യമില്ലാതെ മണിക്കൂറുകളോളം ആസ്വദിച്ചിരിക്കാം. ഒറ്റ പ്രശ്നം മാത്രമാണുള്ളത്. കൊടൈക്കനാലിലെ സൂയിസൈഡ് പോയന്റ് പോലെ അഘാത ഗർത്തമാണ് താഴ്ഭാഗം. താഴെ പോയാൽ പിന്നെ നോക്കേണ്ടതില്ല.
അവിടെ നിന്ന് തിരിച്ചിറങ്ങുമ്പോൾ അഞ്ഞൂറു മീറ്റർ മാറി മറ്റൊരു മലയുടെ മട്ടുപ്പാവിലായി നിരന്നുകിടക്കുന്ന മറ്റൊരു വ്യൂ പോയന്റുകൂടി ഉണ്ടെങ്കിലും അങ്ങോട്ടുള്ള വഴിയിൽ ഉരുൾപൊട്ടി റോഡ് തകർന്നതുകൊണ്ട് നിലവിൽ എത്തിപ്പെടാൻ ബുദ്ധിമുട്ടാണ്. അവിടെ ചെന്നാൽ തണുത്ത കാറ്റിൽ മലമടക്കുകൾ അട്ടിയിട്ട കാഴ്ച കണ്ട് ഒരു ടെന്റെല്ലാം കെട്ടി അവിടെ കൂടാനുള്ളത്ര വിശാലതയുണ്ട്. കയ്യിൽ ഒരു ഫുട്ബാൾ കൂടി കരുതിയാൽ ഒരു കളികളിച്ചിങ്ങിറങ്ങാം...
എന്നിട്ടും മതിയാകാത്തവർക്ക് മലയിറങ്ങി താഴെയെത്തിയാൽ കമ്പിക്കയം എന്ന പേരിൽ ഒരു വെള്ളച്ചാട്ടമുണ്ട്. മഴക്കാലമാണേൽ കമ്പിക്കയത്തിൽ നന്നായി ഒന്നു നീരാടാം. സഞ്ചാരികളുടെ എണ്ണം കൂടിയതോടെ ഇവിടം വിനോദ സഞ്ചാരവകുപ്പിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഏറെ വൈകാതെ തന്നെ കേരളത്തിന്റെ ടൂറിസം ഭൂപടത്തിലെ പ്രധാന ഡെസ്റ്റിനേഷനുകളിൽ ഒന്നായി ചാത്തല്ലൂർ ആമസോൺ വ്യൂപോയന്റ് ഇടം പിടിക്കും എന്നതിൽ തർക്കമില്ല.. ഉറപ്പായും അങ്ങോട്ടുള്ള യാത്ര നിങ്ങൾക്ക് നഷ്ടമാകില്ല.
മലപ്പുറം ജില്ലയിലെ എടവണ്ണ പഞ്ചായത്തിലെ ഈസ്റ്റ് ചാത്തല്ലൂരിലാണ് ഈ വ്യൂപോയന്റ് സ്ഥിതിചെയ്യുന്നത്. പ്രധാന റോഡിൽ നിന്ന് ഏകദേശം ഒന്നര കിലോമീറ്റർ കോൺഗ്രീറ്റ് റോഡും തുടർന്ന് അഞ്ഞൂറുമീറ്റർ ഓഫ് റോഡും കയറിവേണം ഇവിടെ എത്തിചേരാൻ. ഫോർവീൽ വാഹനങ്ങളെല്ലാം അവിടെ ലഭ്യമാണ്. മലപ്പുറം മഞ്ചേരി വഴി വരുന്നവർ എടവണ്ണ വന്ന് സീതിഹാജി പാലം കടന്ന് ഒതായി വഴി കിഴക്കെ ചാത്തല്ലൂരിലേക്കും കോഴിക്കോട് മുക്കം വഴി വരുന്നവർക്ക് അരീക്കോട് ഒതായി വഴിയും കിഴക്കെ ചാത്തല്ലൂരിലേക്ക് എത്തിചേരാവുന്നതാണ്. നിലമ്പൂർ, കക്കാടംപൊയിൽ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ഇവിടെ നിന്നും പന്ത്രണ്ട് കിലോമീറ്റർ ദൂരം മാത്രമാണുള്ളത്.
നിലവിൽ ഔദ്യോഗിക ടൂറിസ്റ്റ് ഡെസ്റ്റിനിഷനൊന്നുമല്ലാത്തതുകൊണ്ട് നമ്മളെ നിയന്ത്രിക്കാനൊന്നും ആരും ഉണ്ടാകില്ല. സ്വയം നിയന്ത്രിക്കുക, അവിടെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ദയവ് ചെയ്ത് ഉപേക്ഷിക്കാതിരിക്കുക, അപടകങ്ങൾ ഉണ്ടാകാതെ നോക്കുക, പ്രദേശവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതിരിക്കാൻ ശ്രദ്ധിക്കുക, നല്ല കാറ്റടിക്കുന്ന സ്ഥലമായതിനാൽ കാട്ടുതീ സാധ്യത കൂടുതലാണ്.. അതുകൊണ്ട് തീ പിടിക്കാനുള്ള സാധ്യതകൾ നിർബന്ധമായും ഒഴിവാക്കുക, ഓഫ് റോഡ് ഡ്രൈവിംഗ് പരിചിതരല്ലാത്തവർ റിസ്ക് ഒഴിവാക്കി അവിടെയുള്ള ഫോർവീൽ വാഹനങ്ങളെ ആശ്രയിച്ചാൽ യാത്ര കുറുച്ചുകൂടി ആസ്വാദകരമാകും.
കടപ്പാട് : Shabeer Ali K
Post a Comment