തിരുവോണ നാളിൽ ഗുരുവായൂരിൽ കണ്ണന് കാഴ്ചക്കുല സമർപ്പിക്കുകയെന്നത് കാലങ്ങളായി കേരളത്തിൽ നടന്നുവരുന്ന ഒരാചാരമാണ്. നല്ല സ്വർണ നിറത്തിലുള്ള, മുഴുപ്പും മിനുപ്പുമുള്ള കാഴ്ചക്കുലകളാണ് കണ്ണന് സമർപ്പിക്കാൻ തിരഞ്ഞെടുക്കുക. പണ്ടത്തെ ജന്മിമാർക്ക് അടിയാളർ സമർപ്പിച്ചിരുന്ന കാഴ്ചക്കുലകളിൽനിന്നാണ് ജന്മിമാരുടെ കാലം കഴിഞ്ഞപ്പോൾ ക്ഷേത്രങ്ങളിൽ കാഴ്ചക്കുല സമർപ്പിക്കലെന്ന രീതി വന്നത്.
കേരളത്തിൽ കാഴ്ചക്കുലകളായി ഒട്ടേറെയിനം നേന്ത്രക്കുലകളുണ്ട്. അവയിൽ പ്രധാനയിനം ചെങ്ങാലിക്കോടനാണ്. ചെങ്ങാലിക്കോടൻ കൃഷി സവിശേഷമായ ചില പരിചരണമുറകൾ ചെയ്താണ് കാഴ്ചക്കുലയാക്കുന്നത്. തൃശ്ശൂർ ജില്ലയിലെ ചെങ്ങഴിനാട്, ചൂണ്ടൽ, പുത്തൂർ, പേരാമംഗലം, വേലൂര്, എരുമപ്പെട്ടി, പഴുന്നാന എന്നിവിടങ്ങളിലാണ് പ്രധാനമായും ഇപ്പോൾ ചെങ്ങാലിക്കോടൻ കൃഷി ചെയ്യുന്നത്. സാധാരണ വാഴക്കൃഷിയിൽനിന്നും വ്യത്യസ്തമായി ചെങ്ങാലിക്കോടന്റെ കൃഷിയിൽ ചില പരമ്പരാഗത രീതികളുണ്ട്.
പേരിന്റെ കാര്യം
കേരളത്തിലാദ്യമായി ഭൗമസൂചികാ പദവി ലഭിച്ച വാഴയിനമാണിത്. തൃശ്ശൂരിലെ എരുമപ്പെട്ടിയാണ് ഇതിന്റെ ജന്മദേശം. വടക്കാഞ്ചേരിപ്പുഴ എക്കൽ നിക്ഷേപിക്കുന്ന തീരങ്ങളാണ് ഇതിന്റെ സമൃദ്ധമായ ആവാസസ്ഥാനം. പതിനൊന്നാം നൂറ്റാണ്ടിൽ കുലശേഖരരാജാക്കന്മാരുടെ പതനത്തിനുശേഷം വിവിധനാട്ടുരാജ്യങ്ങൾ ഉദയം ചെയ്തപ്പോൾ ഉണ്ടായ ഒരു നാട്ടുരാജ്യമായിരുന്നു തലപ്പിള്ളി. തലപ്പിള്ളിക്കരികിൽ ചെങ്ങഴി നമ്പ്യാന്മാരുടെ കീഴിലുണ്ടായിരുന്ന ചെങ്ങഴിക്കോട് നാട്ടുരാജ്യത്താണ് ഈ വാഴക്കൃഷി ആദ്യമായി തുടങ്ങിയത് അങ്ങനെ ഇതിന് ചെങ്ങഴിക്കോടൻ എന്ന പേരു കിട്ടി. ചെങ്ങഴിക്കോടൻ പിന്നീട് ചെങ്ങാലിക്കോടനായി എന്നും കഥയുണ്ട്.
പ്രത്യേകതകൾ
ഉരുണ്ട് ഏണുകളില്ലാത്ത നീണ്ട കായകളായിരിക്കും. മധുരമുള്ള പഴങ്ങൾ പുഴുങ്ങിയാൽ മൃദുവാകും. മൂത്തു പഴുത്ത കായകൾ നല്ല സ്വർണനിറത്തിൽ ചുവപ്പുംതവിട്ടും കലർന്നതായിരിക്കും. ഒരു കുലയിൽ ഏഴ് പടലകൾ വരെയുണ്ടാകും. നല്ലതൂക്കം വെക്കുന്നയിനമാണിത്. ഒരു കായ തന്നെ 400-500 ഗ്രാം ഉണ്ടായിരിക്കും.
കന്നു തിരഞ്ഞെടുക്കൽ
നടാനുള്ള കന്നു തിരഞ്ഞെടുക്കലിൽ തുടങ്ങുന്നു കാഴ്ചക്കുലയ്ക്കുള്ള ഒരുക്കം. കഴിഞ്ഞതവണ നല്ല വാഴക്കുലകൾ ഉത്പാദിപ്പിച്ച വാഴയുടെ സൂചിക്കന്നുകളാണ് തിരഞ്ഞെടുക്കേണ്ടത്. ഓണം വരുന്നതിന്റെ സമയവും കൂടി ഇതുമായി ബന്ധപ്പെട്ടിരിക്കും ഓണം വൈകിയാണെങ്കിൽ ചെറിയ കന്നുകളും ഓണം നേരത്തെയാണെങ്കിൽ ഇടത്തരം വലുപ്പമുള്ള കന്നുകളും ഉപയോഗിക്കണം.
തിരഞ്ഞെടുത്ത വാഴയിൽനിന്നും കുലവെട്ടിയതിനുശേഷം ഒരാഴ്ചയ്ക്കുള്ളിൽ കന്നുകൾ വേർപെടുത്തിയിരിക്കണം. കന്നുകൾ നാലുമാസം മൂപ്പുള്ള കന്നുകൾ അടിഭാഗത്തുനിന്നും ഒരടി മുകളിൽ വെച്ച് വെട്ടിയെടുത്ത് വേരും കല്ലകളും ചെത്തി മിനുക്കി മണ്ണും ചാണകവും ചാരവും ചേർത്തുണ്ടാക്കിയ കുഴമ്പിൽ 20 മിനിറ്റുനേരം മുക്കി വെക്കുന്നു. പിന്നീട് പുറത്തെടുക്കുന്ന കന്ന് നാലുദിവസം വെയിലത്തും 15 ദിവസം തണലിലും ഉണക്കിയാണ് നടുക.
സ്ഥലം തിരഞ്ഞെടുക്കണം
നല്ല സൂര്യപ്രകാശം ലഭിക്കുന്ന ചെങ്കൽ നിറഞ്ഞ ചുവന്ന മണ്ണുള്ള പ്രദേശമാണ് കാഴ്ചക്കുലയുടെ കൃഷിക്കുത്തമം. മഴക്കാലത്ത് നല്ല നിർവാർച്ചാസൗകര്യവും വേനൽക്കാലത്ത് നന സൗകര്യവും വേണം. വയലിലും നടാമെങ്കിലും മഴക്കാലത്ത് വെള്ളം കെട്ടിനിൽക്കാതെ നോക്കണം. പത്തര മാസമാണ് ഇതിന്റെ വിളദൈർഘ്യം. തുലാമാസത്തിലാണ് കൃഷി തുടങ്ങുക.
അരമീറ്റർ നീളവും വീതിയുമുള്ള കുഴിയിൽ പിള്ളക്കുഴിയെടുത്ത് അതിൽ കന്ന് നട്ടതിനുശേഷം അരക്കിലോ കുമ്മായം, കാലിവളം, പച്ചിലവളം, കമ്പോസ്റ്റ് എന്നിവയിട്ടുമുടണം. വാഴ മുള പൊട്ടിയാൽ ഒന്നരക്കിലോഗ്രാം കടലപ്പിണ്ണാക്കും അരക്കിലോവീതം വേപ്പിൻ പിണ്ണാക്കും നൽകി അല്പം പച്ചിലവളം കൂടിയിട്ട് കുഴി മൂടും രണ്ടുമാസം ഇടവിട്ട് 20 കിലോ കമ്പോസ്റ്റോ ഉണക്ക ചാണകമോ നൽകി 200 ഗ്രാം ഫോസ്ഫേറ്റും നൽകണം. വേനൽക്കാലത്ത് മൂന്നുദിവസത്തിലൊരിക്കൽ നനയ്ക്കണം.
നനയ്ക്കൽ
ചിങ്ങത്തിലെ ആദ്യദിവസങ്ങളിലാണ് ഓണം വരുന്നതെങ്കിൽ വൃശ്ചികമാസത്തിൽത്തന്നെ നന തുടങ്ങണം. ഓണം അവസാനത്തിലാണെങ്കിൽ ധനുമാസത്തോടെ നനയ്ക്കൽ തുടങ്ങാം. വാഴവെക്കാൻ താമസം നേരിട്ടെങ്കിൽ നനയ്ക്കൽ നേരത്തേ തുടങ്ങണം. വാഴയ്ക്കുകിട്ടുന്ന ശരിയായ നനയാണ് വാഴയെ യഥാസമയം കുലയ്ക്കാൻ പര്യാപ്തമാക്കുന്നത്.
മേൽവളങ്ങൾ ചേർത്തുകൊടുക്കാം. മഗ്നീഷ്യം, ബോറോൺ, കാത്സ്യം തുടങ്ങിയ മൂലകങ്ങളുടെ അളവ് കുറയാതിരിക്കാൻ മൈക്രോ ന്യൂട്രീഷ്യന്റ് ചേർത്തുകൊടുക്കാം. വെണ്ണീരും ചാണകപ്പൊടിയും നനയ്ക്കുന്നതിന് മ്മ്പ് കൊടുക്കണം. കുല വരുന്നതിന് മുമ്പ് ഒന്നാം താങ്ങും വന്നതിനുശേഷം രണ്ടാം താങ്ങും കൊടുക്കണം. നല്ല വലിയ കുലയാണെങ്കിൽ മൂന്നാം താങ്ങും കൊടുത്ത് കുലയെ നേരെ നിർത്തണം.
കുല പൊതിഞ്ഞുകെട്ടണം
കായകൾക്ക് ഒരു പോറലുമില്ലാത്ത കാഴ്ചക്കുലകൾക്കാണ് വിപണിയിൽ നല്ല വിലകിട്ടുക. കുല വന്ന് 25 ദിവസമാകുമ്പോൾ വാഴയിലകൾ തന്നെ ഉപയോഗിച്ച് കുല പൊതിഞ്ഞ് കെട്ടണം. ചില കർഷകൾ 30 ദിവസം കഴിഞ്ഞാൽ വീണ്ടും പൊതിഅഴിച്ച് മാറ്റി പ്പൊതിയും. ഇപ്പോൾ പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് പൊതിയുന്ന രീതിയുമുണ്ട്.
കുലയുടെ പടലകൾക്കിടയിലും കായകൾക്കിടയിലും ഉണങ്ങിയ വാഴയിലകൾ തിരുകി ഒരു പ്രത്യേക രീതിയിലാണ് കുല പൊതിയുക. കുലച്ച് 100-110 ദിവസങ്ങൾക്കകം കുല വെട്ടാം. രണ്ടും ദിവസം കൊണ്ടുതന്നെ നല്ല മൂത്ത കുലകൾ പഴുക്കും പുകകൊടുത്താൽ ഒരു ദിവസം കൊണ്ട് നിറം വെക്കും.
കടപ്പാട് : Prasad Ezhuthachan
Post a Comment