പൊക്കാളി നെൽകൃഷിയെക്കുറിച്ചു അറിഞ്ഞാലോ

എഴുതിയത്  : SK. ഷിനു, കൃഷി അസിസ്റ്റൻ്റ്



             പൊക്കാളി നെൽകൃഷിയുടെ പ്രാരംഭ ഘട്ടത്തിൽ പാടങ്ങളിലെ വെള്ളം പിടിച്ച് ,നിലമുണക്കി തോട് വെട്ടി ,ചിറ ബലപ്പെടുത്തിയ ശേഷം പാടങ്ങൾ കൊത്തിക്കിളയ്ക്കുവാൻ തുടങ്ങും. വിത്ത് വിതയ്ക്കുന്നതിനു മുന്നോടിയായാണ് കൊത്തിക്കിളയ്ക്കുന്നത്. പൊക്കാളിപ്പാടങ്ങളിൽ യന്ത്രവത്ക്കരണം സാദ്ധ്യമല്ലാത്തതിനാൽ പരമ്പരാഗതമായി കർഷക തൊഴിലാളികൾ മൺവെട്ടി ഉപയോഗിച്ചാണ് (തൂമ്പ ) കിളയ്ക്കുന്നത്. കിളകഴിഞ്ഞ പാടങ്ങളിൽ മഴ പെയ്ത് ഉപ്പുമാറിയാൽ വിത്ത് വിതയ്ക്കാവുന്നതാണ്. വിത്ത് മുളപ്പിയ്ക്കുവാനായി ,പണ്ടുകാലങ്ങളിൽ കർഷക തൊഴിലാളികൾ തെങ്ങോലവെട്ടി, തീയിൽ വാട്ടി ,ഓലക്കുട്ടമെടഞ്ഞ് ,ഓലക്കുട്ടക്കുള്ളിൽ നിറയ്ക്കുന്ന നെൽ  വിത്ത് പുറത്തു പോകാതിരിക്കുന്നതിനും ,വിത്തിന് സംരക്ഷണം കിട്ടുന്നതിനുമായി കുട്ടയുടെ ഉൾവശം തേക്കില ,കൂവയില ,കരിങ്ങോട്ട, മുതലായ ഇലകൾ കൊണ്ട് അവരണം തീർക്കും. മേൽപ്പറഞ്ഞ ഇലകൾ കുട്ടയ്ക്കുള്ളിൽ വച്ചശേഷം , പത്തായത്തിൽ വിത്തിനായി ഒരുക്കി വെച്ചിട്ടുള്ള നെൽവിത്തെടുത്ത് ഓലക്കുട്ടകളിൽ നിറയ്ക്കും .. ചില കർഷകർ ഒരു കുട്ടയിൽ പത്തിടങ്ങഴി നെൽവിത്തും ,ചിലർ എട്ടിടങ്ങഴി നെൽവിത്തും നിറയ്ക്കും. എട്ടിടങ്ങഴി നെല്ലെന്നാൽ ഒരു പറ നെല്ല് എന്നാണ്.

     

കുട്ടയിൽ നെൽവിത്ത് നിറച്ച ശേഷം ,കുട്ടയുടെ വായ് ഭാഗം കൂവയിലകൊണ്ട് പൊതിയും .തുടർന്ന് ഓല കണകൾ പരസ്പ്പരം കെട്ടി മുറുക്കി ,സ്ത്രീകൾ മുടി പിന്നുന്നതു പോലെ ഓല കണകൾ പിന്നിവയ്ക്കും .കുട്ടയുടെ മുകൾ ഭാഗത്തെ ഹോളിലൂടെ കയർ കോർത്ത് വെള്ളത്തിലേക്കിടും. പണ്ടുകാലങ്ങളിൽ എല്ലാ വീടുകളിലും കുളങ്ങളുണ്ടായിരുന്നു. കുട്ടകൾ നെൽവിത്തു നിറച്ച് കെട്ടിയ ശേഷം കുളങ്ങളിൽ കൊണ്ടിടുന്നതാണു് പതിവ്.ഒന്നിൽ കൂടുതൽ കുട്ടകളുണ്ടെങ്കിൽ ഒരു കൊട്ടയിൽ കടുംകെട്ട് കെട്ടി വെള്ളത്തിലിടും. ബാക്കി ഓരോ കുട്ടയും ആദ്യത്തെ കുട്ടയുടെ അഗ്രത്തിലായി കെട്ടിയിട്ടുള്ള കയർ കടത്തി കോർത്ത് വെള്ളത്തിലിടും. ചില കർഷകർ 12 മണിക്കൂറം. മറ്റു ചിലർ  18 മണിക്കൂറും വെള്ളത്തിൽ കുതിർക്കാനിടും.12 മണിക്കൂർ കുതിർത്തുകഴിഞ്ഞ കുട്ടകൾ കുളത്തിൽ നിന്നും വലിച്ച് കരയിൽ കയറ്റി വയ്ക്കും. 

 


                        

             കിളകഴിഞ്ഞ പാടത്ത് നല്ലമഴ പെയ്ത് ,കണ്ടത്തിലെ ഉപ്പ് മുഴുവൻ മാറിയ ശേഷം ,വിത്ത് വിതയ്ക്കാൻ കഴിയും എന്ന് കർഷകന് ബോദ്ധ്യപ്പെട്ടാൽ വിത്ത് വിതയ്ക്കാവുന്നതാണ്. ആദ്യ മുക്കിനു ശേഷം അഞ്ചാം ദിവസമോ ,ഏഴാം ദിവസമോ വിത്ത് വിതയ്ക്കാവുന്നതാണ്. അഞ്ചാം ദിവസം വിത്ത് വിതയ്ക്കുകയാണെങ്കിൽ നാലാം ദിവസം മറുമുക്ക് മുക്കണം. മറുമുക്കെന്നത് കരയിൽ കയറ്റിവച്ച നെൽവിത്തു കുട്ടകളെ  വീണ്ടും ആറ് മണിക്കൂർ കൂടെ വെള്ളത്തിൽ മുക്കി വയ്ക്കുന്നതിനെയാണ്. ഏഴാം ദിവസമാണ് വിത്ത് വിതയ്ക്കുന്നതെങ്കിൽ ആറാം ദിവസം മറുമുക്ക് മുക്കണം. മറുമുക്ക് കഴിഞ്ഞ് പിറ്റേ ദിവസം കുട്ടയുടെ കെട്ടഴിച്ച് നോക്കിയാൽ പൊക്കാളി നെൽവിത്തുകൾ നന്നായി മുളച്ചിരിക്കുന്നതായി കാണാം. അഷ്ഠമിത്തരം നോക്കി പൊക്കാളിപ്പാടങ്ങളിൽ വിത്തു വിതയ്ക്കാവുന്നതാണ്. അഷ്ഠമി  രാത്രി മുതൽ വെള്ളം വറ്റിത്തുടങ്ങും.തുടർന്ന് 15 ദിവസം വരെ പൊക്കാളിപ്പാടങ്ങളിൽ വെള്ളം വറ്റിക്കിട്ടും. അഷ്ഠമിയിൽ വിത്തു വിതച്ചാൽ തുടർന്നുള്ള 15 ദിവസക്കാലം വെള്ളപ്പറ്റുള്ളതിനാൽ വിത്തുകൾ നന്നായി മുളച്ച് ,ബാലായ്മ മാറി കിട്ടുകയും ചെയ്യും. ഞാറുകളുടെ ബാലായ്മ മാറിയ ശേഷം .15-ാം നാൾ കഴിഞ്ഞ് പാടങ്ങളിലേക്ക് വെള്ളം കയറ്റാവുന്നതാണ്. വെള്ളം പാടങ്ങളിലേക്ക് കയറ്റിയിറക്കുമ്പോൾ തൂമ്പുംകുഴിയിൽ കിടക്കുന്ന എക്കൽ ഞാറിൻ്റെ കടയ്ക്ക് കയറുകയും ഞാറ് പെട്ടന്ന് വളരുകയും ചെയ്യും. വിത്ത് വിതച്ച് ഇരുപത്തിയെട്ടാം ദിവസം മുതൽ പറിച്ചു നിരത്താവുന്നതാണ്.അതായത് ഒരു കുഞ്ഞ് ജനിച്ച് ഇരുപത്തി എട്ടാം ദിവസം നൂല് കെട്ടുന്നതു പോലെ ,ഇരുപത്തി എട്ടാം ദിവസം ഞാറ് പറിച്ചു നിരത്താം.

കടപ്പാട്.ശ്രീ.രാജൻ ഏഴിക്കര (പൊക്കാളി കർഷകൻ )

Post a Comment

Previous Post Next Post